Wednesday 20 November 2019

ബദാമിയിലെ കാഴ്ചകൾ

ദക്ഷിണ ഇന്ത്യയിലെ ഹൈന്ദവ രാജവംശമായ ചാലൂക്യ സാമ്രാജ്യത്തിന്റെ ആസ്ഥാനമായ ബദാമി എന്ന പട്ടണം കർണാടകത്തിലെ ഹൂബ്ലി എന്ന ചെറിയ നഗരപ്രദേശത്തു നിന്നും നൂറ്റിപ്പതിനാല് കിലോമീറ്ററുകൾക്കപ്പുറമാണ്. ഹൂബ്ലി വിജയപുര ദേശീയപാതയിലൂടെ മൂന്നു മണിക്കൂർയാത്ര ചെയ്തു എത്താവുന്ന ഇവിടം പ്രാചീന ചരിത്ര നിർമ്മിതികളാൽ സമ്പന്നം. ഞാനുൾപ്പെടെ മൂന്നുപേരുടെ ഒരു സംഘമായിട്ടായിരുന്നു ഇവിടേയ്ക്ക് യാത്ര പുറപ്പെട്ടത്. മുൻവർഷങ്ങളിലെ പതിവ് സഞ്ചാര പരിപാടിപോലെ അവധി ദിനമായ മഹാനവമി വിജയദശമി ദിവസമായിരുന്നു ബദാമിയിലേക്കുള്ള യാത്രയും പ്ലാൻ ചെയ്തത് . എറണാകുളത്തുനിന്നും ഹുബ്ലിയിലേക്കുള്ള ഇൻഡിഗോയുടെ പ്രത്യേകവിമാന സർവ്വീസ് ഈ ദിവസങ്ങളിലേക്കു മാത്രമായി ക്രമീകരിച്ചിട്ടുള്ളതിനാൽ ട്രെയിൻ ഗതാഗതത്തിനെ ആശ്രയിക്കാതെ തന്നെ ഹുബ്ലിയിൽ എത്തിച്ചേരാൻ കഴിഞ്ഞു . തൊട്ടു തലേദിവസം ഹുബ്ലിയിൽ തങ്ങിയ മൂന്നുപേരടങ്ങിയ ഞങ്ങൾ, പിറ്റേദിവസം രാവിലെ തന്നെ ബദാമിയിലേക്കു തിരിച്ചു. മൺസൂൺവാതത്തിന്റെ പിൻവാങ്ങൽ സമയമായതിനാൽ വടക്കുകിഴക്കൻ കർണാടകയിൽ നല്ല മഴ ഉണ്ടായിരുന്നെങ്കിലും അത് ഞങ്ങളുടെ യാത്രയെ ബാധിച്ചില്ല.

നോക്കെത്താ ദൂരത്തായി പരന്നുകിടന്ന പരുത്തി പാടങ്ങൾക്ക് നടുവിലൂടെ നീണ്ടുപോകുന്ന ഹൂബ്ലി -വിജയപുര ദേശീയ പാതയിലൂടെ സഞ്ചരിച്ചപ്പോഴാണ് " ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണെന്ന് " ഗാന്ധിജി പതിറ്റാണ്ടുകൾക്ക് മുൻപ് പറഞ്ഞ കാര്യം ഒരു വസ്തുതയായി മനസ്സിൽ തോന്നിയത്. പച്ച വിരിച്ച വിജനമായ കൃഷിപ്പാടങ്ങളെ വകന്നുമാറ്റിയ പാതയോരത്തു അപൂർവ്വമായി മാത്രം കാണുന്ന ഗ്രാമങ്ങൾ; അവിടത്തെ മനുഷ്യ ജീവിതത്തിനു ആശ്രയമായി മാറുന്ന കാലികളും ആടുകളും. അടിസ്ഥാന സൗകര്യങ്ങളും അന്നവും അപ്രാപ്യമായി ജീവിത വണ്ടിയുരുട്ടുന്ന പാവം കർഷകരും അവരുടെ ഭാരം വലിക്കുന്ന എല്ലും തോലുമായ നാൽക്കാലികോലങ്ങൾ. സിലിക്കൺ വലിയെന്നു പറഞ്ഞു അഭിമാനപെടുമ്പോൾ, കർണാടകയിലെ കർഷക ഗ്രാമങ്ങളുടെ അതി ദാരുണമായ അവസ്ഥ ദർശിക്കാൻ കഴിയുന്നൊരിടം. ഈ ഗ്രാമ ദർശനത്തിലൂടെ ഞങ്ങൾ ബദാമി എന്ന ചെറു പട്ടണത്തിൽ എത്തിച്ചേർന്നു. പ്രവേശന ടിക്കറ്റെടുത്ത് സന്ദർശനത്തിനായി ഈ പൈതൃക സമുച്ചയത്തിൽ കയറുമ്പോൾ തന്നെ സന്ദർശകരെ അകത്തേക്ക് മാടിവിളിക്കുന്ന മട്ടിൽ ചാലൂക്യ രാജാക്കന്മാർ ചെമ്മൺ പാറയിൽ നിർമ്മിച്ചിരിക്കുന്ന നാലു ഗുഹാ ക്ഷേത്രങ്ങൾ ആദ്യമേതന്നെ കാണാൻ കഴിയും. ഈ ശിലാ നിർമ്മിത ക്ഷേത്രത്തിലെ ഒന്നും രണ്ടും ഗുഹകളിലെ ചുമർ ശില്പങ്ങൾ എല്ലാം ശിവ സങ്കല്പത്തിന്റെ പ്രതിരൂപങ്ങളായി സന്ദർശകർക്ക് മുന്നിൽ തുറന്നു കാട്ടുമ്പോൾ, മൂന്നും നാലും ഗുഹകളിലെ ശില്പങ്ങൾ ബുദ്ധമതത്തിന്റെ കടന്നു കയറ്റത്തെ സൂചിപ്പിക്കുന്നു. മനുഷ്യ നിർമ്മിത തടാകത്തിനു ചുറ്റും പടിഞ്ഞാറും കിഴക്കുമായി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്ര സമുച്ചയങ്ങളിൽ ദ്രാവിഡ വാസ്തുവിദ്യയുടെയും ഉത്തരേന്ത്യൻ വാസ്തുവിദ്യയുടെയും സമ്മിശ്രമായ രീതികൾ ഏവരെയും ആകർഷിക്കുന്നതാണ് . തടാകത്തിന്റെ കിഴക്കു ഭാഗത്തായി സ്ഥിതിചെയ്യുന്ന ഭൂതനാഥാ ക്ഷേത്രം ചരിത്രപരമായി പ്രാധാന്യമുള്ള ഒന്നാണ്. ഇതുകൂടാതെ ആർക്കിയോളോജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ബദാമി മ്യൂസിയവും, കോട്ടയും ചരിത്ര സഞ്ചാരപ്രിയരേ വളരെയധികം ആകർഷിക്കുന്ന ഇടങ്ങളാണ്. വിനോദ സഞ്ചാര പ്രാധാന്യം ഏറെയുള്ള സ്ഥലമാണെങ്കിലും, അടിസ്ഥാന സൗകര്യങ്ങൾ സന്ദർശകർക്കായി ഒട്ടുംതന്നെയില്ലാത്ത തീരെ വൃത്തിയും വെടിപ്പും ഇല്ലാത്ത ഒരു ഗ്രാമ പട്ടണമാണ് . തെരുവുകളിൽ പന്നിയും പട്ടിയും യഥേഷ്ടം വിഹരിക്കുന്നിവിടം, സഞ്ചാരികൾ തങ്ങാനായി ഇഷ്ടപ്പെടില്ല.

No comments:

Post a Comment